വളാഞ്ചേരി: മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശ്ശേരികുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി മോഷണം നടന്നതോടെ തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖിന്റെ നിർദേശപ്രകാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അമ്പതോളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.കഴിഞ്ഞ മാസം കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇവർ ഇവ വിറ്റഴിച്ചത്. പ്രതികളിൽ നിന്ന് മോഷണം പോയ ബൈക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ റിജിൻ ദാസ് മുമ്പ് തൃശൂരിലും തിരൂരിലും ബൈക്ക് മോഷണ കേസുകളിൽ പ്രതിയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ കണ്ടെത്തിയിരുന്നത്. വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു, തിരൂർ ഡാൻസാഫ് ടീം അംഗങ്ങളായ രാജേഷ്, ജയപ്രകാശ്, ഉദയകുമാർ, ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ നിതിൻ, ഷിജിൻ, തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
