വളാഞ്ചേരി ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീർ (39) ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11:25-ഓടെ വളാഞ്ചേരി ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു എറിയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനുപിന്നാലെ പൊതുജനങ്ങൾക്കിടയിൽ വെച്ച് ഇയാൾ പൊലീസുകാരനെതിരെ കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ നൽകിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ കബീറിന്റെ പേരിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
