തിരൂരങ്ങാടിയിൽ നിലവിലുള്ള പോലീസ് സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഓഫീസ് മാറ്റുന്നതിലൂടെയുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് നിവേദനം നൽകി. വേങ്ങര മണ്ഡലത്തിലെ എ.ആർ നഗർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നിന്നുള്ള പൊതുജനങ്ങൾക്ക് പുതിയ മാറ്റം കനത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്ന് നിവേദക സംഘം എസ്.പിക്ക് മുൻപാകെ ബോധ്യപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ കൽപകഞ്ചേരിയിലേക്ക് ഓഫീസുകൾ മാറ്റിയാൽ ജനങ്ങൾക്ക് ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും അതിനാൽ സർക്കിൾ ഓഫീസ് തിരൂരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മലപ്പുറം എസ്.പിക്ക് നിവേദനം നൽകിയ സംഘത്തിൽ ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണനെ കൂടാതെ മണ്ഡലം ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് ഒ.സി അദ്നാൻ തുടങ്ങിയവരും സംബന്ധിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
