Tuesday, April 7News That Matters

മരണത്തിന് വിട്ടുകൊടുക്കാതെ ഷഫീഖ്; ഇരവഴിഞ്ഞിപ്പുഴയിൽ വിദ്യാർത്ഥിനിക്ക് പുതുജീവൻ

ചെറുവാടി ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് വെട്ടത്തൂർ സ്വദേശി മദീന ഷഫീഖ്. ഇന്ന് രാവിലെ മൽസ്യം വാങ്ങി മടങ്ങുകയായിരുന്ന ഷഫീഖ് പാലത്തിൽ തനിച്ച് നിന്ന വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം ദൂരെ ഒതുക്കി നിർത്തി നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ഒരുങ്ങിയതോടെ ഷഫീഖ് പാഞ്ഞെത്തി കുട്ടിയെ തടഞ്ഞു. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ വസ്ത്രത്തിൽ പിടിമുറുക്കിയ ഷഫീഖ്, വസ്ത്രം കീറിപ്പോയപ്പോൾ മുടിയിൽ ചുറ്റിപ്പിടിച്ച് താഴേക്ക് വീഴാതെ കാത്തു. ഈ സമയം ഓടിയെത്തിയ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്. വീട്ടുകാരുമായുണ്ടായ പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ ഷഫീഖിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എം.സി.ടി ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. വെട്ടത്തൂർ സ്വദേശി ചീക്കപ്പള്ളി ബഷീർ – ആമിന ദമ്പതികളുടെ മകനാണ് ഷഫീഖ് എന്ന കുഞ്ഞാനു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഒരു ജീവൻ രക്ഷിച്ച ഷഫീഖിന്റെ ധീരതയെ നാടൊന്നടങ്കം അഭിനന്ദിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version