Sunday, March 1News That Matters

മോട്ടോർ വാഹന വകുപ്പിലെ കൂട്ടനിയമനം അഴിമതി ലക്ഷ്യമിട്ട്; ട്രാൻസ്പോർട്ട് മിനിസ്റ്റർക്ക് നിവേദനം നൽകി

പരപ്പനങ്ങാടി: മോട്ടോർ വാഹന വകുപ്പിൽ അനാവശ്യമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ പണം ധൂർത്തടിക്കാനും വൻ അഴിമതി നടത്താനും നീക്കമുള്ളതായി കേരള ഡെവലപ്‌മെന്റ് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 167 എ.എം.വി.ഐമാർ, 92 എം.വി.ഐമാർ, 57 ക്ലറിക്കൽ സ്റ്റാഫ് എന്നിവരെ പുതുതായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ സാമ്പത്തിക താൽപ്പര്യങ്ങളാണുള്ളതെന്ന് സംഘടന കുറ്റപ്പെടുത്തി. വാഹൻ, പരിവാഹൻ സോഫ്റ്റ്‌വെയറുകൾ വഴി സേവനങ്ങൾ ഓൺലൈനായതോടെ ഫിറ്റ്‌നസ്, ഡ്രൈവിംഗ് ടെസ്റ്റ്, ചെക്ക് പോസ്റ്റ് പരിശോധനകൾ എന്നിവയിൽ നിലവിലുള്ള ജീവനക്കാർക്ക് പോലും ജോലിയില്ലാത്ത സാഹചര്യമാണുള്ളത്. അപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചും വാഹന ഉടമകളെക്കൊണ്ട് വിവിധ ഉപകരണങ്ങൾ നിർബന്ധപൂർവ്വം പിടിപ്പിച്ചും പൊതുജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു. സർക്കാർ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന ഈ നടപടിയിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം സംസ്ഥാന കമ്മിറ്റി ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗണേഷ് കുമാറിന് നിവേദനം സമർപ്പിച്ചു. പ്രസിഡന്റ് പി.എൻ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ടി.പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കോട്ടൻതല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version