Wednesday, September 17News That Matters

അറസ്റ്റ് ചെയ്തോളു പക്ഷേ ബെഡ്റൂമിലേക്ക് ഇടിച്ചുകയറുന്നത് ശരിയല്ല; പൊലീസിനോട് അല്ലു അർജുൻ

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായി. ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. നടനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസ് വണ്ടിയിൽ കയറുന്നതിന് മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകുന്നതും പോലീസുകാരോട് സംസാരിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വീഡിയോയിൽ കാണാം. പൊലീസിനോട് അല്ലു അർജുൻ ഒരുതരത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. അതേസമയം തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്നും പറയുന്നുണ്ട്. തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സമയം പോലും പൊലീസ് തന്നില്ലെന്നും വീഡിയോയിൽ അല്ലു പറയുന്നുണ്ട്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തുണ്ട്.അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ വണ്ടിയിൽ നിന്നും അല്ലു തിരിച്ചിറക്കുന്നുണ്ട്. പൊലീസ് ജീപ്പിൽ അല്ലു അർജുൻ മാത്രമാണ് കയറിയത്.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

ഈ തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി എത്തിയതോടെ നടനെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടി. തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ നില്‍ക്കുകയായിരുന്ന രേവതിയുംരേവതിയും മകന്‍ ശ്രീതേജും തിരക്കില്‍ പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. രേവതിയുടെ മരണത്തില്‍ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version