കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പെരിയമ്പലത്ത് വൈകിട്ട് 6.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെ സ്‌കൂട്ടറിന് മുന്നില്‍ വെച്ച പടക്കം മറ്റുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു ഇര്‍ഷാദ്. ഇർഷാദ് പടക്കം വിതരണം ചെയ്യുന്നതിനിടെ സമീപത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരി ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കക്കെട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷ നേരം കൊണ്ട് സ്കൂട്ടറിലുണ്ടായിരുന്ന പടക്കങ്ങൾ ഒന്നാകെ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
