കാസർകോട്: പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ കഴിഞ്ഞ ദിവസമാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയിരുന്നെന്നും അന്ന് കാര്യമായ അന്വേഷണം നടത്തിയില്ലെന്നുമാരോപിച്ച് കൊല്ലപ്പെട്ട പൂച്ചക്കാട്ട് സ്വദേശി എം.സി.അബ്‌ദുൾ ഗഫൂർ ഹാജിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. അതേസമയം, അന്വേഷണം ഊർജ്ജിതമാണെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. വീടുകളിൽ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.
596 പവൻ സ്വർണം കൈക്കലാക്കാൻ വേണ്ടിയാണ് പ്രതികൾ അബ്‌ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 2023 ഏപ്രിൽ 14നാണ് അബ്‌ദുൾ ഗഫൂർ ഹാജിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി കുടുംബം സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ, വലിയതോതിൽ സ്വർണം നഷ്ടമായെന്ന് കണ്ടെത്തിയതോടെയാണ് കുടുംബാംഗങ്ങൾക്ക് ഹാജിയുടെ മരണത്തിൽ സംശയം തോന്നിയതും പരാതി നൽകിയതും. ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവൻ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി പ്രതികൾ അബ്‌ദുൾ ഗഫൂർ ഹാജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് നേരത്തെ കുറച്ച് സ്വർണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെ പണം ഇരട്ടിപ്പിച്ചു നൽകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സംഭവ ദിവസം വീട്ടിലെത്തിയത്. തുടർന്നായിരുന്നു കൊലപാതകം. മാന്ത്രിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകൾ ഗഫൂറിന് നൽകിയശേഷമായിരുന്നു കൊലപാതകം. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സ്വർണവും കവർന്നു.
പ്രതികൾ തട്ടിയെടുത്ത സ്വർണം കാസർകോട്ടെ അഞ്ച് ജുവലറികളിൽ വിറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കാസർകോടിന് പുറത്തും സ്വർണ്ണം വിറ്റുവെന്നാണ് പ്രതികളുടെ മൊഴി, ഇതോടെ ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമാന രീതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഇവർ പങ്കാളികളായായിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പലയിടങ്ങളിൽ നിന്നായി ധാരാളം പണം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഏലസ് ജപിച്ചു നൽകിയാൽ പോലും അമ്പതിനായിരം രൂപയൊക്കെയാണ് ജിന്നുമ്മ കൈപ്പറ്റിയിരുന്നതെന്നാണ് സൂചന.ഷമീനക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പിൽപെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ഇവർ ജയിലിൽ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com