പൊന്നാനി: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മൃതദേഹത്തിന് സമീപം മുഹമ്മദ് മുക്കാൽ മണിക്കൂറോളം ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.സംഭവ ദിവസം ഭാര്യയെ സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കിയ മുഹമ്മദ് ഒരുപാട് സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിയ ശേഷമാണ് ബീച്ചിന് സമീപമെത്തിയത്. അവിടെ വെച്ച് സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഫാത്തിമയുടെ തന്നെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് പോലീസിന് മൊഴി നൽകി.കൊലപാതക ശേഷം തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തുടങ്ങവെ കുറുക്കന്മാർ എത്തുന്നത് കണ്ട് കൈകൊണ്ട് മണലിൽ കുഴിയുണ്ടാക്കി മൃതദേഹം മൂടുകയായിരുന്നു. തുടർന്ന് ഫ്ലാറ്റിലെത്തിയ ഇയാൾ ഫാത്തിമ സ്വന്തം വീട്ടിലേക്ക് പോയതാണെന്ന് പറഞ്ഞ് മാതാവിനെ വിശ്വസിപ്പിക്കുകയും കുഞ്ഞിനെ ഏൽപ്പിക്കുകയും ചെയ്തു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് അരുംകൊലയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്.
