പെരുവള്ളൂർ | ആധുനിക സമൂഹത്തെ ഏറെ അലട്ടുന്ന ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരവുമായി രൂപകൽപ്പന ചെയ്ത ‘മെക് സെവൻ’ വ്യായാമ പദ്ധതി സംസ്ഥാന വ്യാപകമായി ജനകീയമാക്കുന്നു. പദ്ധതി സൗജന്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പഞ്ചായത്ത് തലങ്ങളിൽ നടപ്പിലാക്കുന്നതിനും ഉതകുന്നരീതിയിൽ തയ്യാറാക്കിയ വിശദമായ നിർദ്ദേശരേഖ ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശന് സമർപ്പിച്ചു.
മെക് സെവൻ ബ്രാൻഡ് അംബാസഡറും പറമ്പിൽ പീടിക സ്വദേശിയുമായ അറക്കൽ മുഹമ്മദ് ബാവയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ പദ്ധതിയുടെ രൂപരേഖ കൈമാറിയത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഈ വ്യായാമ മുറകൾ തികച്ചും സൗജന്യമായി എല്ലാ തദ്ദേശ സ്വയംഭരണ മേഖലകളിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും രോഗബാധിതർക്ക് ഇത് നൽകുന്ന ആശ്വാസത്തെക്കുറിച്ചും അറക്കൽ ബാവ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ആരോഗ്യ പദ്ധതികൾക്ക് വലിയ പ്രസക്തിയുണ്ടെന്നും ഇതിനാവശ്യമായ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പുനൽകി.
