കോഴിക്കോട്: ഓണ്‍ലൈന്‍ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശിയിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12-ാം പ്രതിയാണ് ഇയാൾ. ബിഗ്‌ബോസ് മുന്‍ താരം ബ്ലെസ്‌ലി ഉള്‍പ്പെടെയുള്ളവർ ഈ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഇരകളുമായി ബന്ധം സ്ഥാപിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയാണ് ഇവർ പണം കവരുന്നത്. നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി 2025 മെയ് 1 മുതല്‍ 5 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനരീതി. തട്ടിപ്പ് ശൃംഖലയിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾ ഇനിയും വലയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
