മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഞ്ചാവും എം.ഡി.എം.എ.യും (MDMA) ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി മൂന്ന് പേരെ പോലീസ് പിടികൂടി. താവളക്കുളത്ത് ആട് ഫാമിന്റെ മറവിൽ ലഹരി വില്പന നടത്തിവന്ന പ്രതിയും, പരപ്പനങ്ങാടിയിൽ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളുമാണ് പോലീസിന്റെ വലയിലായത്. താവളക്കുളം പാമ്പൻ റോഡിൽ ആട് ഫാമിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന മുഹമ്മദ് ഷാഫി എന്ന ‘പൊന്ത ഷാഫി’ (49) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 1.76 ഗ്രാം എം.ഡി.എം.എ.യും എഴുപതിനായിരം രൂപയും പോലീസ് കണ്ടെടുത്തു. അസമയങ്ങളിൽ ഷാഫിയുടെ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പൊന്നാനി എസ്.ഐ. ആന്റോ ഫ്രാൻസിസ്, ഷിജി മോൻ, പ്രൊബേഷൻ എസ്.ഐ. അനന്ത ലക്ഷ്മി, എ.എസ്.ഐ. വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മറ്റൊരു സംഭവത്തിൽ, പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി. (PWD) റെസ്റ്റ് ഹൗസ് റോഡിന് സമീപത്തുനിന്നും എം.ഡി.എം.എ.യുമായി രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പുത്തൻകടപ്പുറം സ്വദേശിയും വള്ളിക്കുന്ന് അത്താണിക്കലിൽ താമസക്കാരനുമായ പി.ടി. മുഹമ്മദ് നസീം (34), മൂന്നിയൂർ ആലിൻചുവട് സ്വദേശി കെ.പി. ഫൈറൂസ് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
