Thursday, September 18News That Matters

ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു.

ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു. പ്രതി നജുബുദ്ദീന്‍ @ ബാബു, 2003 വര്‍ഷത്തില്‍ റഹീന എന്ന സ്ത്രീയെ വിവാഹം കഴിച്ച് പരപ്പനങ്ങാടി പരപ്പില്‍ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സിലും 2011 വര്‍ഷത്തില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ചുടലപ്പറമ്പ് എന്ന സ്ഥലത്തുള്ള പ്രതിയുടെ സ്വന്തം വീട്ടിലും ഇരുവരും ഒന്നിച്ച് ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ച് വരവെ പ്രതിയും ആദ്യ ഭാര്യയായ റഹീനയും തമ്മില്‍ പരസ്പരം സംശയങ്ങളുണ്ടാവുകയും ഇരുവരും തമ്മിലുള്ള ദാമ്പത്ത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നു കുടുംബ കലഹം ഉണ്ടാവുകയും പ്രതിയോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുന്നത് അസഹനീയമായതിനെ തുടര്‍ന്ന് പ്രതിയുമൊത്തുള്ള ദാമ്പത്യ ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്ത വിരോധം വെച്ച് പ്രതി റഹീനയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പരപ്പനങ്ങാടി പനയിങ്ങല്‍ ജംഗ്ഷനിലുള്ള പ്രതിയുടെ ഇറച്ചിക്കടയില്‍ നിന്നും 22-07-2017 രാത്രി 9.00 മണിക്ക് കുറ്റകൃത്യം നടത്തുന്നതിന് വേണ്ടി മുന്‍കൂട്ടി കരുതി വെച്ച കത്തിയെടുത്തു് അഞ്ചപ്പുര ബീച്ച് റോഡിലുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള അറവ് ശാലയിലെ പ്ലാസ്റ്റിക് ബോക്സില്‍ കൊണ്ടുവെച്ച് 23-07-2017 തിയ്യതി പുലര്‍ച്ചെ പ്രതി അറവ് ശാലയിലെ പണിക്കാരെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് റഹീനയോടെ കളവ് പറഞ്ഞും, അറവു പുരയില്‍ ഇറച്ചിപ്പണിക്ക് സഹായിക്കണം എന്നും പറഞ്ഞ് വാടക ക്വാര്‍ട്ടേഴ്സില്‍ ചെന്ന് നിന്ന് പ്രതിയുടെ മോട്ടോര്‍ സൈക്കിളില്‍ റഹീനയെ അഞ്ചപ്പുര ബീച്ച് റോഡിലുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള അറവ് പുരയിലേക്ക് കൂട്ടികൊണ്ട് വന്ന് പുലര്‍ച്ചെ 02.15 മണിക്ക് പ്രതി തലേ ദിവസം പ്ലാസ്റ്റിക് ബോക്സില്‍ കൊണ്ട് വെച്ച കത്തി വലതു കൈ കൊണ്ട് എടുത്ത് ഇടതു കൈ കൊണ്ട് റഹീനയുടെ പിറകില്‍ നിന്നും മുടിക്ക് ചുറ്റിപ്പിടിച്ച് പിറകോട്ട് വലിച്ച് കഴുത്തിന്‍റെ മുന്‍വശം അറുത്ത് കൊലപ്പെടുത്തുകയും ശേഷം റഹീനയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന സുമാര്‍ 36.430 ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്‍റെ മഹര്‍ ചെയിന്‍ പ്രതി അഴിച്ചെടുത്ത് വഞ്ചനാപരമായി ദുര്‍വിനിയോഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ സ്വന്തം ആവശ്യത്തിന് മാറ്റുകയും ചെയ്ത കാര്യത്തിന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി, അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി AV. ടെല്ലസ് വധശിക്ഷയ്ക്ക് വിധിച്ചത്. 404 IPC പ്രകാരം 5 വര്‍ഷം കഠിന തടവിനും, 25000/- രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം അധിക കഠിന തടവും. 302 IPC പ്രകാരം വധശിക്ഷയും 1 ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയടക്കുകയാണെങ്കില്‍ പിഴ സംഖ്യ മരണപ്പെട്ട റഹീനയുടെ ഉമ്മ സുബൈദയ്ക്ക് നല്‍കുന്നതിനും, കൂടാതെ മരണപ്പെട്ട റഹീനയുടെ ഉമ്മയ്ക്കും മകനും വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ സഹായം അനുവദിക്കുന്നതിനും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. നരിക്കുനി കുട്ടമ്പൂരില്‍ നിന്നും വിവാഹം ചെയ്തു കൊണ്ടുവന്ന റഹീന എന്ന സ്ത്രീയെയാണ് പ്രതി അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയില്‍ കൊണ്ടുപോയി നിര്‍ദ്ദാക്ഷിണ്യം കഴുത്തറുത്ത് കൊന്നത്. പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യ റഹീനയുമായി പ്രതി പിണങ്ങുകയും താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും ഇരുവരും തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാവുകയും വിധിയാവുകയും ചെയ്തിരുന്നതില്‍ പിന്നീട് ഇരുവരും തമ്മില്‍ രമ്യതയിലാവുകയും റഹീനയെ പ്രതി വീണ്ടും പരപ്പനങ്ങാടിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വ്യവഹാരങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതി കാളികാവില്‍ നിന്ന് മറ്റൊരു വിവാഹം കഴിച്ചത്. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയില്‍ തന്നെയുള്ള സ്വന്തംവീട്ടില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട റഹീനയെ പ്രതി താമസിപ്പിച്ചിരുന്നത് പരപ്പനങ്ങാടിയില്‍ തന്നെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്സിലാണ്. മാതാവ് സുബൈദയും സഹോദരി റിസാനയും കാഴ്ചക്കാരായി നില്‍ക്കെയാണ് പ്രതി റഹീനയെ കൊലപ്പെടുത്താന്‍ വേണ്ടി കൊണ്ടുപോയത്. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അവര്‍. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശ്ശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് കൊലപാതകത്തിന് ശേഷം മൂന്നാം ദിവസം ജൂലൈ 25ന് പുലര്‍ച്ചെ ഒരു മണിയോടുകൂടി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സി. അലവിയാണ് ഈ കേസിന്റെ അന്വേഷണോദ്യോഗസ്ഥന്‍. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വാരിജാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ശ്രീ നവീന്‍. ഇ എന്നിവര്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസീക്യൂട്ടറായ അഡ്വ. KP ഷാജു ഹാജരായി. സംഭവം നേരില്‍ കണ്ട സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതില്‍ നിര്‍ണായകമായത്. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 41 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 66 രേഖകളും, 33 തൊണ്ടി മുതലുകളും ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ ASI. ഷാജിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version