ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകി വിശ്വാസിസമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനുള്ള സഹനമാണ് അന്തിമ വിജയം നൽകുക എന്ന വലിയ പാഠമാണ് ഈ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നത്. വാർധക്യകാലത്ത് ലഭിച്ച അരുമ സന്താനത്തെ ദൈവകല്പന പ്രകാരം ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായിൽ നബിയുടെയും അത്യുന്നതമായ ചരിത്രമാണ് പെരുന്നാളിന്റെയും ഹജ്ജിന്റെയും കാതൽ. ആ മഹത്തായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട്, ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ പരലോക മോക്ഷം ലക്ഷ്യം വെച്ചുള്ളതാവണം വിശ്വാസികളുടെ ഓരോ ആഘോഷവും. മറുവശത്ത്, വർണ്ണ, വർഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മാനവരാശി ഒന്നാണെന്ന ഐക്യത്തിന്റെ മഹത്തായ പ്രഖ്യാപനമാണ് മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മം. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലാതെ, ഒരേ മനസ്സോടെ തൂവെള...



















