
തിരുന്നാവായ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി ടി.വി. ജലീൽ വൈരങ്കോടിനെ നിയമിച്ചു. സ്കൗട്ട്സിന്റെ സംസ്ഥാനതല പബ്ലിക്കേഷൻ ആൻഡ് മീഡിയ ചുമതലയും ഇദ്ദേഹം വഹിക്കും. കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം, നിലവിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലകനും ജില്ലാ പബ്ലിക് റിലേഷൻ കമ്മീഷണറുമായി പ്രവർത്തിച്ചുവരികയാണ്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 2022-ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ‘ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്’ ജേതാവ് കൂടിയാണ് ടി.വി. ജലീൽ. ഉപജില്ലാ, ജില്ലാ തലങ്ങളിൽ സ്കൗട്ട്-ഗൈഡ് കുട്ടികൾക്കും അധ്യാപകർക്കും നിരവധി പരിശീലനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഹാം റേഡിയോ ലൈസൻസുള്ള ഓപ്പറേറ്ററായ ഇദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമായ ജോട്ടാ-ജോട്ടിയിൽ (JOTA-JOTI) പങ്കെടുത്തിട്ടുണ്ട്. വിഷൻ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹഭവനം, വിദ്യാകിരണം, കൂടെയുണ്ട് കൗൺസലർ തുടങ്ങിയ ഒട്ടനവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം വിവരവിനിമയ സാങ്കേതിക വിദ്യയിലും മാധ്യമ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ, കോവിഡ് കാലത്ത് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിലും ദുരിതമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. തിരുന്നാവായ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ്, തിരൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ജെ.സി.ഐ. ഇന്ത്യ മേഖല 21 സ്കൂൾ കോ-ഓർഡിനേറ്റർ, ഫോക്കസ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ആലത്തിയൂർ കെ.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ റംഷീദയാണ് ഭാര്യ. മക്കളായ മിൻഹയും മിഷലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് ജേതാക്കളും, ഇളയ മകൻ മിവാൻ കബ്ബ് അംഗവുമാണ്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
