ഹാട്രിക് കിരീടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകയിൽ
അഹമ്മദാബാദ്: ലോക ക്രിക്കറ്റിൽ സമാനതകളില്ലാത്ത കുതിപ്പുമായി ഇന്ത്യ തുടർച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് പട 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുംറയുടെ തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ചത്.ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ:ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ (46 പന്തിൽ 89) തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഓപ്പണർമാരായ അഭിഷേക് ശർമ (21 പന്തിൽ 52), ഇഷാൻ കിഷൻ (25 പന്തിൽ 54) എന്നിവർ നൽകിയ വെടിക്കെട്ട് തുടക്...


















