തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ടൗണിൽ വെച്ച് പതിവായി നടക്കുന്ന സംഘർഷങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ‘ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും (ഡി.ഡി.ഇ) ജില്ലാ പോലീസ് മേധാവിയോടുമാണ് കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിഞ്ഞ് നടക്കുന്ന ഇത്തരം സംഘർഷങ്ങൾ പ്രദേശവാസികൾക്കും വ്യാപാരികൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മിക്ക ദിവസങ്ങളിലും റോഡിൽ നടക്കുന്ന കൂട്ടത്തല്ല് സമീപത്തെ പള്ളിയുടെ കോമ്പൗണ്ടിലേക്ക് വരെ എത്തിയത് പ്രാർത്ഥനയ്ക്ക് എത്തുന്നവർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് നേരിടുന്നതിന് പുറമെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു. അധ്യാപകരുടെ ഭാഗത്തു നിന്നും വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ സ്കൂളിലെ പ്രധാനാധ്യാപകരുടെയും ഹയർ സെക്കണ്ടറി അധ്യാപകരുടെയും പ്രത്യേക യോഗം വിളിച്ച് ചേർത്ത് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
