
അരീക്കോട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച പ്രമുഖ ഫുട്ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്‌പെക്ടറുമായ അസീം കൊറളിയാടന്റെ (അസീം അരീക്കോട്) പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കോയമ്പത്തൂർ കസ്റ്റംസ് ഓഫീസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ അരീക്കോട്ടെത്തിക്കും. പുത്തലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം രാത്രി എട്ടുമണിക്ക് അരീക്കോട് മൈത്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും. ദേശീയ തലത്തിൽ ശ്രദ്ധേയനായ കാൽപ്പന്തുകളിക്കാരനായിരുന്നു അസീം. അണ്ടർ 21 കേരള ടീമിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം കളിമിടുക്കുകൊണ്ട് മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. 2010-ൽ മഹാരാഷ്ട്രയ്ക്കും 2013-ൽ തമിഴ്‌നാടിനും വേണ്ടി അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചു. ക്ലബ്ബ് ഫുട്ബോളിലും മികച്ച റെക്കോർഡുള്ള അസീം ഒമ്പത് സീസണുകളിലായി ഐ ലീഗിൽ പന്ത് തട്ടിയിട്ടുണ്ട്. 2005-06 സീസണിൽ വാസ്‌കോ ഗോവയിലൂടെയായിരുന്നു ക്ലബ്ബ് കരിയറിന്റെ തുടക്കം. തുടർന്ന് സാൽഗോക്കർ ഗോവ (2006-07), മുംബൈ എഫ്‌സി (2007-2009), മഹീന്ദ്ര യുണൈറ്റഡ് (2009-10), ഈസ്റ്റ് ബംഗാൾ (2010-11) എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അദ്ദേഹം കളത്തിലിറങ്ങി. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടൻ ഇരട്ട സഹോദരനാണ്. നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ജനപ്രിയനായ ഒരു താരത്തിന്റെ അകാല വിയോഗം കായികലോകത്തെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
