കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്.
എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായുള്ള ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിനെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകുന്നേരം അഞ്ചു മണിയോടെ മരണം സംഭവിച്ചു. മറ്റൊരു ഡൈവറായിരുന്നു മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
