വേങ്ങര: വേങ്ങര മണ്ഡലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, തദ്ദേശീയമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു. വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) കിടത്തിച്ചികിത്സയും ഡയാലിസിസ് സെന്ററും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ അടിയന്തിരമായി ലഭ്യമാക്കുക, വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കുക, കണ്ണമംഗലം പടപ്പറമ്പ് എസ്.സി (SC) കോളനിയിൽ അങ്കണവാടിക്കായി പുതിയ കെട്ടിടം നിർമ്മിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വേങ്ങരയിലെ ജനങ്ങൾ നേരിടുന്ന ഈ അടിസ്ഥാന പ്രശ്നങ്ങളിൽ എത്രയും വേഗം അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പുനൽകി. വെൽഫെയർ പാർട്ടി നേതാക്കളായ പി.പി. കുഞ്ഞാലി മാസ്റ്റർ, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കുട്ടിമോൻ വേങ്ങര, അഷ്‌റഫ് ഊരകം, കെ.വി. ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം മന്ത്രിയെ സന്ദർശിച്ചത്.
