Saturday, June 20News That Matters

പ്രതിരോധ വാക്‌സിനുകള്‍ക്കായി വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

നിര്‍ബന്ധിത വാക്‌സിനുകള്‍, മറ്റ് അടിയന്തരമായ പ്രതിരോധ വാക്‌സിനുകള്‍ എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രതിരോധ ക്യാംപയിന്‍ സംഘടിപ്പിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.പറഞ്ഞു. ആസൂത്രണ സമിതി ഹാളില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് എം.പി.ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുല്‍സമദ് സമാദാനി എം.പി., ടി.വി.ഇബ്രാഹിം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.ആര്‍.ഡി.എ.പ്രൊജക്ട് ഡയറക്ടര്‍ നൈസി റഹ്‌മാന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ചെറുക്കുന്ന എച്ച്.പി.വി.വാക്‌സിനേഷന്‍, ജപ്പാന്‍ ജ്വരത്തിനെതിരെയുള്ള ജെ.ഇ.വാക്‌സിനേഷന്‍ എന്നിവയില്‍ 24 ശതമാനവും 11.9 ശതമാനവും മാത്രമാണ് പുരോഗതി ഉണ്ടായതെന്ന് ഡി.എം.ഒ.ശ്രദ്ധയില്‍ പെടുത്തെി. വാക്‌സിനോട് വിമുഖതയുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ ശക്തമായ ബോധവത്ക്കരണവും തുടര്‍നടപടികളും ആവശ്യമാണെന്നും എ.പി.അബ്ദുല്‍സമദ് സമാദാനി എം.പി. പറഞ്ഞു. ജില്ലയില്‍ 1084 ടി.ബി.രോഗികളും 31 ലെപ്രസി രോഗികളും ഉണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു. രോഗവ്യാപനത്തിനെതിരെ അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണവും പരിശോധനയും നടന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22 മൈക്രോ ഫൈലേറിയ കേസുകള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഡി.എം.ഒ.അറിയിച്ചു. മരണകാരണമായേക്കാവുന്ന മാരക രോഗങ്ങളുടെ വ്യാപനം ചെറുക്കുന്നതിനായി മതിയായ ഐസൊലേഷന്‍ റൂമുകള്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ ആലോചിക്കുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. വിവിധ കേന്ദ്രപദ്ധതികളായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന നീര്‍ത്തട ഘടകം, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, സംയോജിത ശിശു വികസന പദ്ധതി, ജലജീവന്‍ മിഷന്‍, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, സമഗ്രശിക്ഷ കേരളം, ട്രൈബല്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, ദേശീയ സാമൂഹ്യ സഹായ പദ്ധതി, പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, പട്ടിക ജാതി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍, പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന, പി.എം.കുസും, പോസ്റ്റല്‍ സര്‍വീസ്, എം.പി, എം.എല്‍.എ.ഫണ്ട് വിനിയോഗം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണമെന്നും പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. തടസ്സം നീക്കുന്നതിനും പൂര്‍ത്തീകരണം വേഗത്തിലാക്കുന്നതിനും എല്ലാവരുടെയും സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. പൂര്‍ത്തിയായ പദ്ധതികളുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ഫണ്ടുകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version