Friday, October 23News That Matters

സ്മാർട്ടായില്ല തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ്: തഹസിൽദാർക്ക് പരാതി നൽകി.

തിരൂരങ്ങാടി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവ്വഹിച്ച തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഔദ്യോഗിക പ്രവർത്തനങ്ങൾ താളംതെറ്റുന്നു. സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനോ വൈദ്യുതി മുടങ്ങുമ്പോൾ ഉപയോഗിക്കാനുള്ള ഇൻവെർട്ടർ സംവിധാനമോ ഇല്ലാത്തത് ഓഫീസ് സേവനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി.

വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചിട്ടും ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകളിലെ നെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇത് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ വലിയ കാലതാമസത്തിനിടയാക്കുന്നു. വൈദ്യുതി മുടങ്ങിയാൽ ഓഫീസ് പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണ്. ഓഫീസിൽ സ്ഥിരമായ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉടൻ ലഭ്യമാക്കുക, ഇൻവെർട്ടർ സംവിധാനം സ്ഥാപിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version