തേഞ്ഞിപ്പലം: സംസ്ഥാന വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായ എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ലെന്നും മുസ്ലിം ലീഗിന്റെ പ്രതിനിധിയാണെന്നും സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ വ്യക്തമാക്കി. ചേളാരി ജമലുല്ലൈലി ഉറൂസിന് വ്യാഴാഴ്ച കൊടിയേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വഖഫ് ബോർഡിന്റെ അധികാരപരിധിയിലുള്ള ഭൂരിഭാഗം സ്വത്തുക്കളും സുന്നി വിഭാഗത്തിന്റേതാണ്. അതിനാൽ വഖഫ് ബോർഡിലേക്കുള്ള അർഹമായ പ്രാതിനിധ്യം സുന്നികൾക്ക് നൽകണമായിരുന്നു. അർഹതയുണ്ടായിട്ടും ബോർഡിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചേളാരി ജമലുല്ലൈലി ഉറൂസ് വ്യാഴാഴ്ച തുടങ്ങും:
അൽ ആരിഫു ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ) യുടെ 46-ാമത് ആണ്ട് നേർച്ചയും, സയ്യിദ് ഫള്ൽ ബിൻ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ 18-ാമത് ഉറൂസും വ്യാഴം, വെള്ളി ദിവസങ്ങളിലായി തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് നടക്കും. വിഫാദ, സിയാറത്ത്, കൊടിയേറ്റം, അനുസ്മരണ സമ്മേളനം, ഖത്മുൽ ഖുർആൻ, മഹബ്ബ കോൺഫറൻസ്, പ്രകീർത്തന മജ്ലിസ്, അക്കാദമിക് സെമിനാർ, ആത്മീയ സമ്മേളനം എന്നിവ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഖുത്ബുസ്സമാൻ സയ്യിദ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും; സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി കടലുണ്ടി നേതൃത്വം നൽകും. വൈകിട്ട് 4 മണിക്ക് മഖാം മുതവല്ലി സയ്യിദ് ഫള്ൽ ജമലുല്ലൈലി പെരുമുഖം കൊടിയേറ്റം നിർവ്വഹിക്കും. വൈകിട്ട് 5-ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുഹ്യുസ്സുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിക്കും. വൈകിട്ട് 7-ന് നടക്കുന്ന മഹബ്ബ കോൺഫറൻസ് കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ‘മലബാർ; ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ അക്കാദമിക് സെമിനാർ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സി. മുഹമ്മദ് ഫൈസി ആശയപ്രഭാഷണം നിർവ്വഹിക്കും.
വാർത്താസമ്മേളനത്തിൽ സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് മുഹമ്മദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, സഅദ് സഖാഫി പൂക്കോട്ടൂർ എന്നിവർ പങ്കെടുത്തു.
