ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാതയിൽ സർവീസ് റോഡുകൾ ഒഴിവാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പ്രധാന പാതയിൽ ഇറക്കിവിടുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്നലെ വൈകിട്ട് കുളപ്പുറത്ത് ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കിവിട്ട് സ്വകാര്യ ബസ് കടന്നുപോയത് വലിയ സുരക്ഷാ വീഴ്ചയാണ് സൃഷ്ടിച്ചത്. പ്രധാന പാതയിൽ ഇറങ്ങേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനം നിർത്തി യാത്രക്കാരെ കയറ്റിറക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, സ്റ്റേജ് കാരിയേജ് വാഹനങ്ങൾ സർവീസ് റോഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. കോഴിക്കോട് ഡി.ടി.സിയുടെ ഉത്തരവ് പ്രകാരമുള്ള ഹൈവേ പെട്രോളിങ് ശക്തമാക്കണമെന്ന് മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അഷ്റഫ് മനരിക്കൽ എന്നിവർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
