Monday, August 24News That Matters

തിരൂരങ്ങാടി കുടിവെള്ള പദ്ധതി: പി.വി.സി പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ കുടിവെള്ള പദ്ധതിക്കായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചതിന്റെ ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിനും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകിയത്. താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകളും ടോറസ്, ലോറി തുടങ്ങിയ വാഹനങ്ങളും ദിവസേന സഞ്ചരിക്കുന്ന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം റോഡുകളിൽ ദീർഘകാല ഉപയോഗത്തിന് പി.വി.സി പൈപ്പുകൾ അനുയോജ്യമാണോയെന്ന് സാങ്കേതികമായി പരിശോധിക്കണം. പദ്ധതി പൂർത്തിയാകുന്നതിന് മുമ്പുതന്നെ താഴച്ചിന സ്കൂളിന് മുന്നിലെ ട്രാൻസ്ഫോർമറിന് സമീപം സ്ഥാപിച്ച പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തേണ്ടിവന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. റോഡിന്റെ നടുവിലൂടെയും അരികിലൂടെയുമായി സ്ഥാപിച്ച പൈപ്പുകൾക്ക് ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കൂടുതൽ സമ്മർദ്ദമുണ്ടാകുമെന്നും, ഇത് വീണ്ടും പൈപ്പ് പൊട്ടാനും റോഡ് തുടർച്ചയായി കുഴിക്കുന്നതിനും കാരണമാകുമെന്നും ഇവർ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും സംയുക്തമായി പൈപ്പുകളുടെ ഗുണനിലവാരവും നിർമ്മാണ മാനദണ്ഡങ്ങളും പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ കൂടുതൽ കരുത്തുള്ള പൈപ്പുകൾ സ്ഥാപിക്കാൻ തയ്യാറാകണമെന്നും അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു. പ്രവൃത്തി പൂർത്തിയാകുന്നതിന് മുൻപേ പൈപ്പ് പൊട്ടിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും വാട്ടർ അതോറിറ്റിയുടെ പണികൾ തീർത്ത് റോഡ് അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version