Thursday, June 18News That Matters

പത്മശ്രീ കെ.വി.റാബിയ സ്മാരക സേവന രത്ന പുരസ്കാരം ഡോ. എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം. റഫീഖിനും

തിരൂരങ്ങാടി: സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ, സാംസ്കാരിക, ഭിന്നശേഷി, ജീവകാരുണ്യ, സ്ത്രീ ശാക്തീകരണ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. എം.എ. കബീറിന് ‘സേവന രത്ന’ പുരസ്കാരവും മുൻ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ.എം. റഫീഖിന് ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരവും നൽകും. ഭവനരഹിതരായ 18 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകിയതിനും, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും കാഴ്ച പരിമിതർക്കും നൽകിയ പിന്തുണകൾക്കും, അഗതികളായ മുന്നൂറോളം സ്ത്രീകൾക്ക് പെൻഷൻ നൽകുന്ന പദ്ധതികൾ അടക്കമുള്ള മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ. എം.എ. കബീറിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കുടുംബശ്രീയിലൂടെയുള്ള സ്ത്രീ ശാക്തീകരണം, നിർധനരായ വയോധികർക്ക് വിമാനയാത്ര ഒരുക്കൽ, സ്ത്രീകൾക്കായി തുടർച്ചയായി കലോത്സവങ്ങൾ സംഘടിപ്പിക്കൽ, അങ്കണവാടിയെ സ്മാർട്ട് അങ്കണവാടിയായി ഉയർത്തൽ തുടങ്ങി വാർഡിൽ നടപ്പിലാക്കിയ മികച്ച വികസന-ക്ഷേമ പ്രവർത്തനങ്ങളാണ് എൻ.എം. റഫീഖിനെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനാക്കിയത്. മുൻ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 27-ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നടക്കുന്ന ഭിന്നശേഷി സംഗമത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഡ്വ. എൻ. ശംസുദ്ധീൻ, ജനപ്രതിനിധികളായ പി.എം.എ. സമീർ എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version