തേഞ്ഞിപ്പാലം: കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥാപിച്ച അതിരടയാള കല്ലുകൾ പിഴുതുമാറ്റിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ആവശ്യപ്പെട്ടു. കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിച്ച് മഴക്കാലത്തിന് മുൻപ് പദ്ധതി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ഡി.എഫ് ഭാരവാഹികൾ പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.നേരത്തെ നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കെട്ടിന് പരിഹാരമായി സർവ്വേ നടത്തി അതിരടയാള കല്ലുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ സാമൂഹ്യദ്രോഹികൾ ഈ കല്ലുകൾ എടുത്തുമാറ്റുകയായിരുന്നു. പ്രദേശത്തെ ഒരു കടക്കാരന്റെ (ടയർ പഞ്ചർ, വീൽ അലൈൻമെന്റ് ഷോപ്പ്) മാത്രം ആക്ഷേപത്തിന്റെ പേരിൽ പ്രവൃത്തി തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.താലൂക്ക് സർവ്വേയർ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിൽ, പരാതിക്കാരന് വേണമെങ്കിൽ ജില്ലാ സർവ്വേയർക്ക് അപ്പീൽ നൽകാവുന്നതാണ്. എന്നാൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചര്യത്തിൽ പ്രവൃത്തി തടയുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് എൻജിനീയർ നൽകിയ ഒരാഴ്ചത്തെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ, രണ്ടു ദിവസത്തിനകം കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചതായും കെ.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.കെ.ഡി.എഫ് പ്രസിഡന്റ് അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ ആനങ്ങാടി, നെഹ്റുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.
