വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അതിർത്തി നിർണ്ണയിക്കുന്നതിനായി സർവേ നടപടികൾ ആരംഭിച്ചു. റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. കൂടാതെ ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും, റോഡ് ഉയർത്തിയത് കാരണം ബസ് സ്റ്റോപ്പിന് ഉയരം കുറവായതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർക്ക് സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രവും നടപ്പാതയും ഒരുക്കണമെന്നും, പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും, കൈവരികൾ തകർത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടംതല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് സർവേയർ സിന്ധുജ, ഓവർസിയർ മുനവ്വിർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് സർവേ നടപടികൾ ആരംഭിച്ചു. സർവേയിൽ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ എന്നിവരും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ കഴിയുന്ന തരത്തിൽ ബസ് സ്റ്റോപ്പ് അടിയന്തരമായി ഇപ്പോഴുള്ള ഭാഗത്ത് തന്നെ നവീകരിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
