ഓണ്‍ലൈൻ വഴി ജോലിക്കായി തായ്‌ലൻഡില്‍ എത്തുകയും പിന്നീട് മ്യാൻമറിലെ തട്ടിപ്പ് സംഘത്തിന്റെ തടവിലാകുകയും ചെയ്ത കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ സ്വദേശികള്‍ സുരക്ഷിതരായി തിരിച്ചെത്തി. വള്ളിക്കാപറ്റ കുറ്റീരി അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണില്‍ പുള്ളിക്കാമത്ത് സഫീർ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വഴി തിരിച്ചെത്തിയത്. ശുഹൈബിെൻറ കുടുംബം ബംഗളൂരുവിലാണുള്ളത് എന്നതിനാല്‍ ശുഹൈബ് അവിടെ തങ്ങുകയും സഫീർ വള്ളിക്കാപറ്റയിലെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28 ന് ഇവർ തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച തികയുമ്ബോഴാണ് ഇവർ തിരിച്ചെത്തിയത്. കഴിഞ്ഞ മെയിലാണ് ഇവർ സംഘത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചത്. മുമ്ബ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഓണ്‍ലൈൻ അഭിമുഖത്തിലൂടെയാണ് തായ്‌ലൻഡിലേക്ക് ജോലി ആവശ്യാർഥം പോയത്.
മെയ് 21നാണ് അവിടെ എത്തിയത്. തായ്‌ലൻഡിലെ വിമാനത്താവളത്തില്‍ നിന്ന് ഫോട്ടോയെടുത്ത് ഇവർ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം ഒരു വിവരവുമില്ലാതായി. പിന്നീട് ഇവർ തന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ പിടിയിലകപ്പെട്ടതായറിഞ്ഞത്. ദുബൈയില്‍ നിന്ന് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റ് മുഖേനയാണ് ഇവർ തായ്‌ലൻഡില്‍ എത്തിയതെന്നാണ് വിവരം. മോചനത്തിനായി ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തായ്‌ലൻഡില്‍ തന്നെയുള്ള ഒരു ഏജൻസിയെ മധ്യസ്ഥരാക്കി മോചനശ്രമം നടത്തിയത്. ശുഐബിനും സഫീറിനും പുറമെ മറ്റ് 19 പേരെക്കൂടി മ്യാൻമറില്‍ നിന്നുള്ള സംഘം മോചിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com