മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ ജില്ലയിലെ ചിലയിടങ്ങളിൽ ആഹ്ലാദത്തിന് ഇരട്ടിമധുരം. കോട്ടക്കൽ നഗരസഭയിലും ഒതുക്കുങ്ങൽ പഞ്ചായത്തിലും ജനവിധി തേടിയ രണ്ട് ജോഡി ദമ്പതികളാണ് വൻ വിജയം നേടി ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഒരുമിച്ച് ചുവടുവെക്കുന്നത്. എന്നാൽ എടപ്പറ്റയിൽ മത്സരിച്ച ദമ്പതികളിൽ ഭർത്താവ് വിജയിച്ചപ്പോൾ ഭാര്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. കോട്ടക്കലിലെ അധ്യാപക ദമ്പതികൾ കോട്ടക്കൽ നഗരസഭയിൽ അധ്യാപക ദമ്പതികളും ഇടതുപക്ഷ കൗൺസിലർമാരുമായ സനില പ്രവീണും ഭർത്താവ് കെ. പ്രവീൺ മാഷുമാണ് വിജയിച്ചത്. 35-ാം വാർഡ് കുർബ്ബാനിയിൽ നിന്ന് ജനവിധി തേടിയ സനില, യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ വി.എം നൗഫലിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം നേതാവായ പ്രവീൺ മാഷ് തോക്കാമ്പാറ (33) വാർഡിൽ നിന്ന് യൂത്ത് ലീഗ് നേതാവ് കെ.എം ഖലീലിനെയും പരാജയപ്പെടുത്തി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒതുക്കുങ്ങലിലെ ചുവപ്പ് വിജയം ഒതുക്കുങ്ങൽ പഞ്ചായത്തിൽ സി.പി.എം സ്വതന്ത്രരായി മത്സരിച്ച ഹസീന കുരുണിയനും ഭർത്താവ് ഹക്കീം കുരുണിയനും വിജയം കണ്ടു. വാർഡ് മൂന്നിൽ മത്സരിച്ച ഹക്കീം കോൺഗ്രസിലെ കുരുണിയൻ നസീറിനെയാണ് തോൽപ്പിച്ചത്. എട്ടാം വാർഡിൽ മത്സരിച്ച ഹസീന ലീഗിലെ ആഷിഫ തസ്‌നി മച്ചിഞ്ചേരിയെയും പരാജയപ്പെടുത്തി. വോട്ട് നൽകി വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഇരു ദമ്പതികളും പ്രതികരിച്ചു. എടപ്പറ്റയിൽ സമ്മിശ്ര ഫലം എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ മത്സരിച്ച കോൺഗ്രസ് ദമ്പതികളിൽ ഭർത്താവിന് ജയവും ഭാര്യയ്ക്ക് തോൽവിയും ഫലം. ആറാം വാർഡ് പുന്നക്കൽ ചോലയിൽ മത്സരിച്ച വി.എ. പ്രഭാകരൻ 470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ ചാലിൽ ഹംസയെ പരാജയപ്പെടുത്തി വിജയിച്ചു. ഇതാദ്യമായാണ് പ്രഭാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്നാൽ, നിലവിലെ വൈസ് പ്രസിഡന്റും 13-ാം വാർഡ് പുല്ലുപറമ്പിൽ സ്ഥാനാർത്ഥിയുമായ ചിത്ര പ്രഭാകരൻ 93 വോട്ടുകൾക്ക് സി.പി.എം സ്ഥാനാർത്ഥി റംലത്ത് തടത്തിലിനോട് പരാജയപ്പെട്ടു.
