തൃശൂർ: സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. തൃശൂർ പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രോഹിത്, സുഹൃത്തുക്കളായ വിബിൻ (പോപ്പി), ഗിരീഷ് എന്നിവരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8.45-ഓടെ അഖിലിന്റെ വീടിന് മുൻപിലെ റോഡിൽ വെച്ചായിരുന്നു സംഭവം. സഹോദരിയെ അഖിൽ ശല്യം ചെയ്തെന്നാരോപിച്ചുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഖിലിനെ വീടിനു മുന്നിൽ വെച്ച് തടഞ്ഞുനിർത്തിയ സംഘം മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ രോഹിത് നേരത്തെ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. കൂട്ടുപ്രതിയായ വിബിൻ (പോപ്പി) വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതടക്കം നാല് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
