Thursday, September 18News That Matters

നാനോ കാറിൽ മലപ്പുറത്ത് കറങ്ങി മിഠായി കച്ചവടം; ലാഭം കൂട്ടാന്‍ മദ്യവിൽപ്പനയും വേങ്ങര ഊരകം സ്വദേശി പിടിയില്‍

മലപ്പുറം: മിഠായി കച്ചവടത്തിൽ ലാഭം ഇത്തിരി കുറവാണെന്ന് കണ്ടതോടെ സൈഡ് ആയി മദ്യവിൽപ്പനയും നടത്തിയ യുവാവിനെ കയ്യോടെ പൊക്കി എക്സൈസ് സംഘം. വേങ്ങര ഊരകം പള്ളിയാളി വീട്ടില്‍ അസീസിനെ(47)യാണ് മഞ്ചേരി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വച്ച്‌ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. നാനോ കാർ ഉപയോഗിച്ച്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മിഠായി വില്‍പ്പന നടത്തി വരികയായിരുന്നു അസീസ്. എന്നാല്‍ മിഠായിയേക്കാള്‍ ലാഭം മദ്യവില്‍പ്പനക്കാണെന്ന് മനസിലാക്കിയ ഇയാള്‍ പോകുന്ന വഴികളിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങുകയും ഇത് കൂടിയ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുകയുമായിരുന്നു. എക്സൈസ് വകുപ്പിന്‍റെ ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാനോ കാറില്‍ സൂക്ഷിച്ച 20 കുപ്പി മദ്യം പിടികൂടുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രിവന്‍റീവ് ഓഫീസർ പി. സഫീർ അലി, സിവില്‍ എക്സൈസ് ഓഫീസർമാരായ എം. ഷഹദ് ശരീഫ്, കെ. ജിതിലാജ്, സി.ടി. അക്ഷയ്, എം. ആതിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തുടർന്നും മദ്യം ഉള്‍പ്പെടെയുള്ള ലഹരി വിപണനത്തിനെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version