Wednesday, September 17News That Matters

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായാണ് കിറ്റുകൾ വിന്യസിച്ചത്. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠ പുസ്ത‌കത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും മാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സ്കൂ‌ളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എ ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്‌മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്‌തുനോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്‌കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ഐസിടി പാഠപുസ്‌തകം പഠിപ്പിക്കേണ്ട ജില്ലയിലെ 1384 അധ്യാപകർക്ക് റോബോട്ടിക്‌സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ഓഗസ്റ്റ് ആദ്യവാരത്തോടെ പൂർത്തിയാക്കും. നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമെ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്‌ഡ് കിറ്റുകൾ ഈ വർഷം തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ കെ.അൻവർ സാദത്ത് അറിയിച്ചു. ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version