Thursday, September 18News That Matters

കോളേജ് പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗിന് തുടക്കമായി; കായികരംഗത്തെ സുപ്രധാന ചുവടുവെപ്പെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

യൂറോപ്യന്‍ മാതൃകയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ കോളേജുകളെ ഉള്‍പ്പെടുത്തി നടത്തുന്ന കോളേജ് പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗ് ഇന്ത്യയ്ക്ക് മാതൃകയാവുന്ന കായികരംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാവുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്പോര്‍ട്സ് ലീഗ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി. യൂറോപ്യന്‍ മാതൃകയില്‍ കോളേജുകളുടെ സ്പോര്‍ട്സ് ലീഗ് ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായാണ് ഇത്തരമൊരു പരിപാടി ആരംഭിക്കാന്‍ കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വകലാശാലകളിലെ കായിക വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭാവിയിലേക്കുള്ള മികച്ച താരകളെ വളര്‍ത്തിയെടുക്കുന്നതിന് പ്രൊഫഷണല്‍ ലീഗ് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ സ്‌കൂള്‍തലം മുതല്‍ തന്നെ ഇത്തരത്തിലുള്ള സ്പോര്‍ട്സ് ലീഗുകളിലൂടെയാണ് താരങ്ങള്‍ വളര്‍ന്നുവരുന്നത്. യുവജനങ്ങള്‍ ഏറെയുള്ള ഇന്ത്യക്ക് അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഈ ഉദ്യമം സഹായകരമാകും. കോളേജ് തലത്തില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധ വിഷയമാക്കുകയും രാജ്യത്തിനാകമാനം ഗുണകരമായ രീതിയിലുള്ള കായികനയം സംസ്ഥാനത്ത് നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കായിക സാമ്പത്തിക മേഖല മികച്ച രീതിയില്‍ വളര്‍ന്നുവരികയാണ്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കായിക മേഖലയ്ക്ക് സാധിക്കും. കായികരംഗത്ത് ഉന്നത പഠനവും അനുബന്ധ കോഴ്സുകളും ആരംഭിക്കുകയും സ്പോര്‍ട്സ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്യും. സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തി സ്പോര്‍ട്സ് പ്രൊഫഷണല്‍ ലീഗുകള്‍ നടത്തുന്ന രീതിയിലേക്ക് നമ്മുടെ കോളേജുകള്‍ വളരും. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. സംസ്ഥാനം സമീപഭാവിയില്‍ തന്നെ ഒരു സ്പോര്‍ട്സ് ഹബ്ബായി മാറും എന്നും മന്ത്രി പറഞ്ഞു.

തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഫുട്ബോളിലും പെണ്‍കുട്ടികള്‍ക്ക് വോളിബോളിലും ആണ് ലീഗ് മത്സരങ്ങള്‍ നടത്തുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും കഴിഞ്ഞവര്‍ഷം ഇന്റര്‍ കോളേജ് മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 16 ടീമുകളാണ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേരള,എംജി, കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും വിജയിച്ചെത്തിയ നാല് ടീമുകളും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് ടീമുകളും മറ്റു സര്‍വ്വകലാശാലയില്‍ നിന്നുള്ള രണ്ട് ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ഫുട്ബോള്‍ മത്സരങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രണ്ടാംഘട്ടമായി പെണ്‍കുട്ടികളുടെ വോളിബോള്‍ ലീഗ് മത്സരം എം.ജി യൂണിവേഴ്സിറ്റിയില്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ദിനോജ് സെബാസ്റ്റിയന്‍, യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എം. ബി. ഫൈസല്‍, മധു രാമനാട്ടുകര, മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് യു. തിലകന്‍ കാലിക്കറ്റ്, എം.ജി യൂണിവേഴ്സിറ്റികളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍മാരായ ഡോ. സാക്കിര്‍ ഹുസൈന്‍, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എം.ആര്‍ രഞ്ജിത്ത്, കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version