Thursday, September 18News That Matters

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു- മന്ത്രി വി. അബ്ദുറഹ്മാൻ

സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. ‘നക്ഷത്രത്തിളക്കം 2025’ എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആൺകുട്ടികളെക്കാൾ ഉന്നതിയിൽ പെൺകുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെൺകുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. തവനൂർ എം.എൽ.എ ഡോ: കെ.ടി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അർഹരായ കുട്ടികളുമായി മന്ത്രി സംവദിച്ചു. കുട്ടികളുടെ ഉന്നത പഠനത്തിനായി മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. ജില്ലയിലെ നാല് ഫിഷറീസ് ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് ലഭിച്ച 51 വിദ്യാർത്ഥികൾക്കും പ്ലസ് ടു തലത്തിൽ മുഴുവൻ എ പ്ലസ് ലഭിച്ച 17 വിദ്യാർത്ഥികൾക്കും കായിക മേഖലയിൽ ദേശീയ തലത്തിൽ മികവ് തെളിയിച്ച നാല് കുട്ടികൾക്കുമടക്കം 134 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
കൂടാതെ 199 പേർക്ക് 25000 രൂപയുടെ വിവാഹ ധനസഹായവും നൽകി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിമുക്തി ജില്ലാ ലൈസൺ ഓഫീസർ പി. ബിജു നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പരിപാടിയിൽ നടന്നു. കൂടാതെ ഡയറി ഡെവലപ്മെന്റ് എക്സ്റ്റൻഷൻ ഓഫീസർ എച്ച്.പി. മെഹറൂഫ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നൽകി. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സജി എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. പ്രശാന്ത്, വാർഡ് മെമ്പർ അസ്പ്ര യഹിയ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിഖ് ബാബു, മത്സ്യഫെഡ് ജില്ലാ മാനേജർ ഇ. മനോജ്, മത്സ്യ ബോർഡ് മെമ്പർ പി.പി. സൈതലവി, കെ.പി. ബാപ്പുട്ടി, സി.പി. അബ്ദുൽ ഷുക്കൂർ, ഹനീഫ മാസ്റ്റർ, മെഹർഷാ കളരിക്കൽ, ഹുസൈൻ ഇസ്പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version