Thursday, January 15News That Matters

ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തന്ത്രപൂര്‍വം ഇയാളെ തിരിച്ച് നാട്ടില്‍ എത്തിക്കുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ നടന്നത് വൻ അട്ടിമറിയെന്ന് ഡി ഐ ജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചു എന്നതാണ്. കേസ് അന്വേഷണത്തിൽ പത്തനംതിട്ട പൊലീസ് സുപ്രണ്ട് വിനോദിനുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് ഡി ഐ ജിയുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള എസ് എച്ച് ഒ പ്രവീൺ എന്നിവർക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി വിനോദിനെ സ്ഥലം മാറ്റുമെന്നാണ് വിവരം. അന്വേഷണത്തിലെ വീഴ്ചകൾ മറയ്ക്കാനും ശ്രമിച്ചതായി ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ. കോന്നി, ആറന്മുള സ്റ്റേഷനുകളിൽ കേസന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടിയില്ല. ആദ്യം പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതിന് ഡി വൈ എസ് പിയെയും കോന്നി എസ് എച്ച് ഒയെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കോന്നിയിൽ നിന്നും ആറന്മുള സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു. കേസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടികാട്ടി ഡി ഐ ജി അജീത ബീഗം നൽകിയത് മൂന്നു റിപ്പോർട്ടുകളാണ്. പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡി വൈ എസ് പിയേയും എസ് എച്ച് ഒയേയും ജൂൺ 2 ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി വൈ എസ പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലും ഡി വൈ എസ് പിയും എസ് എച്ച് ഒയും വീഴ്ച വരുത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടികാട്ടിയിരുന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ നൗഷാദ് തോട്ടത്തിൽ ആണ് പോക്സോ കേസിലെ പ്രതി. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും കോന്നി ഡി വൈ എസ് പിയും സി ഐയും അന്വേഷണത്തിൽ വീഴ്ചവരുത്തി. പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം നൗഷാദ് സുപ്രീംകോടതിയിൽ പോയി ജാമ്യം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version