Thursday, September 18News That Matters

‘ഒരു തൈ നടാം’ വൃക്ഷവല്‍കരണ ക്യാമ്പയിന് തുടക്കമായി

ഒരു തൈ നടാം വൃക്ഷവല്‍കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പ്രകാശനം ചെയ്തു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പയ്ന്‍ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഒരുകോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ സഹകരണ സംഘങ്ങള്‍, ജീവനക്കാരുടെ സംഘടനകള്‍, കുടുംബശ്രീ, ഹരിത കര്‍മസേനകളുടെയും ഐസിഡിഎസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനോടകം നട്ട വൃക്ഷ തൈകള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരളം മിഷന്‍ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയാണ് പച്ച തുരുത്ത്. നിലവില്‍ നൂറ്റി ഒമ്പത് പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്. 500 പച്ചത്തുരുത്തുകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും നഷ്ടപ്പെട്ട വൃക്ഷങ്ങള്‍ക്ക് പകരം പുതിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹരിത കേരളം ജില്ലാ മിഷന്റെ ലക്ഷ്യം. അങ്കണവാടികളും വിദ്യാലയങ്ങളും കുട്ടികളുടെ ഉള്‍പ്പെടുത്തിക്കൊണ്ട് ചങ്ങാതിക്ക് ഒരു തൈ എന്ന ക്യാമ്പയിന്റെ ഭാഗമായും ജില്ലയില്‍ വൃക്ഷവത്കരണം നടത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച ജനപ്രതിനിധികളും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരും ഓര്‍മ്മമരം എന്ന പേരില്‍ ഫലവൃക്ഷതൈകള്‍ നട്ടു കൊണ്ട് വൃക്ഷവത്കരണത്തിന്റെ ഭാഗമായിട്ടുണ്ട്. ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരേ പ്രദേശത്ത് വൃക്ഷവത്കരണം നടത്തി പഞ്ചായത്ത് ബ്ലോക്ക് അടിസ്ഥാനത്തില്‍ ഓര്‍മ്മ തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. കുടുംബശ്രീ അംഗങ്ങളും ഹരിത സേന അംഗങ്ങളും ചങ്ങാതി ക്കൊരു തൈ എന്ന സന്ദേശം നല്‍കി കൊണ്ട് വൃക്ഷതൈകള്‍ കൈമാറി പൊതുസ്ഥലങ്ങളിലും സ്വന്തം വീട്ടു പരിസരങ്ങളിലും വൃക്ഷങ്ങള്‍ നട്ടു കൊണ്ട് ഒരു തൈ നടാം പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ആരാധനാലയങ്ങളോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും പുതിയ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നു. ജില്ലയിലെ കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുകയും അവിടെ പുതിയ കണ്ടല്‍ മരതൈകള്‍ വച്ചുപിടിപ്പിക്കലും വൃക്ഷവത്കരണത്തിന്റെ ഭാഗമായി ചെയ്യും.

ഹരിത കേരളം മിഷൻ മലപ്പുറം – ഒരു തൈ നടാം ജില്ലാ തല വൃക്ഷവൽകരണ ക്യാമ്പയിൻ, ലോഗോ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version