Thursday, September 18News That Matters

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്തിലെ കാരത്തൂര്‍, ഖത്തര്‍ ഓഡിറ്റോറിയത്തിലെ മാലിന്യം കത്തിച്ച് പുറന്തള്ളുന്ന ദുര്‍ഗന്ധമേറിയ പുക പരിസരവാസികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിസരമലിനീകരണം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റോറിയം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷികള്‍ നല്‍കിയ നോട്ടീസ് പ്രകാരമുള്ള നടപടികള്‍ അടിയന്തരമായി നടപ്പിലാക്കി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കാന്‍ ഓഡിറ്റോറിയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനുവാദമില്ലാതെ സ്വകാര്യവ്യക്തിയുടെ ഭൂമിയിലൂടെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് റോഡ് നിര്‍മ്മാണം നടത്തിയെന്നും നഷ്ടമായ ഭൂമിയുടെ വില ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് ആലുങ്ങല്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ എതിര്‍കക്ഷികളായ ജില്ലാ സര്‍വ്വേ സൂപ്രണ്ട്, പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ വിഷയത്തില്‍ ഇരുകക്ഷികളെയും നേരില്‍കേട്ട് പ്രശ്നപരിഹാരം കാണണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആകെ ഏഴ് ഹര്‍ജികളാണ് ഇന്ന് കമ്മീഷന് മുന്‍പാകെ വന്നത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പറില്‍ വാട്സ് ആപ്പിലൂടെയും പരാതി നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version