മലപ്പുറം: കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അമർ ജ്യോതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.