Wednesday, September 17News That Matters

പാലക്കാട് അപകടം; പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഡ്രൈവര്‍

പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് ജോണ്‍. അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ പ്രജീഷ് ജോണിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നരഹത്യ കുറ്റം ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ഇടിച്ച് നിയന്ത്രണം തെറ്റിവന്ന ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ ആറ് മണിയോടെ വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചിരുന്നു. നിരവധി പേരാണ് വിദ്യാര്‍ത്ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്. 8.30 ഓടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കരിമ്പനക്കല്‍ ഹാളിലെത്തിച്ചു. വിദ്യാര്‍ത്ഥിനികള്‍ പഠിച്ച കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രാഷ്ട്രീയ, സാമൂഹിക മേഖലയില്‍ നിന്നുള്ള നിരവധി പേരും അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി. മദ്രസക്കാലം മുതല്‍ ഒരുമിച്ചായിരുന്ന നാല് കൂട്ടുകാരികള്‍ക്ക് കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരുമിച്ചായിരുന്നു ഖബറിടം ഒരുക്കിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version