കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ഥിരം മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശിനി മഞ്ജുള (35) ആണ് ചവറ പോലീസിന്റെ പിടിയിലായത്.പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബസിലെ യാത്രക്കാരിയായ അടൂർ പറക്കോട് സ്വദേശി സുധീനയുടെ മൂന്നരപ്പവൻ മാലയാണ് മഞ്ജുള കവരാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ സുധീന മാലയിൽ മുറുകെ പിടിച്ചതിനാൽ പൊട്ടിയ മാല കയ്യിൽത്തന്നെ വീണു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ മഞ്ജുളയെ വളഞ്ഞെങ്കിലും, ഇവരുടെ കണ്ണുവെട്ടിച്ച് മഞ്ജുള ബസിൽ നിന്നിറങ്ങിയോടി. തുടർന്ന് യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.ചവറ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് രണ്ട് മോഷണക്കേസുകളുടെ ചുരുളും അഴിഞ്ഞു. കഴിഞ്ഞമാസം ഇതേ റൂട്ടിലെ പ്രിയദർശിനി ബസിൽ വെച്ച് ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവന്റെ മാലയും, ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരു പവന്റെ മാലയും മോഷ്ടിച്ചത് താനാണെന്ന് മഞ്ജുള സമ്മതിച്ചു. ആശുപത്രിയിലെത്തിയ ലില്ലിക്കുട്ടി നീണ്ടകര ജംഗ്ഷനിൽ ബസിൽ നിന്നിറങ്ങുന്നതിനിടെ സഹായിയായി കൂടെക്കൂടിയാണ് മാല കവർന്നത്.സമാനമായ കേസുകളിൽ നേരത്തെയും മഞ്ജുള പ്രതിയാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയും തിരക്കും മുതലെടുത്ത് സ്വർണ്ണമാലകൾ കവരുന്ന ഇത്തരം സംഘങ്ങൾ സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
