പത്തനംതിട്ട: നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുവാവ് ഒടുവിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) പോലീസ് പിടിയിലായി. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ (ANTI DRUGS MOVEMENT IN NATION) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായ എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. സംസ്ഥാനവ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായാണ് നാടകീയമായ ഈ അറസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടുദിവസമായി ഡാൻസാഫ് സംഘം ഇയാളെ അതീവ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പോലീസ് സംഘം എഴുമറ്റൂരിലെ ഇയാളുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തി. ഈ സമയം പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനും, തന്റെ മുറി കാട്ടിക്കൊടുക്കാതെ മറ്റൊരു മുറി കാണിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ഷർഫിൻ പരമാവധി ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ പോലീസ് വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ലഹരിമരുന്ന് ഉപയോഗിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സംഘടനയുടെ ‘യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്’ എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് പോലീസിന് ലഭിച്ചത്. ലഹരി വിരുദ്ധതയുടെ മറവിൽ ഇയാൾ വലിയ തോതിൽ ലഹരിമരുന്ന് കച്ചവടവും ഉപയോഗവും നടത്തിയിരുന്നോ എന്നതിനെക്കുറിച്ച് പെരുമ്പെട്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
