Sunday, January 11News That Matters

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം പുതൃകാവീട്ടിൽ പി. സഹദിനെ (19) ആണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട് യുവതി ഇയാളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലുള്ള വിരോധം കാരണമാണ് കൈവശമുള്ള ചിത്രങ്ങൾ പരാതിക്കാരിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുനൽകി അപമാനിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിച്ച സഹദ് ആണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തനിക്ക് റിപ്പയർ ചെയ്യാൻ ലഭിച്ച ഫോണുകളിലെ സിം കാർഡ്, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ചാണ് പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ചിരുന്നത്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കെ. സിൻഷ, ജോയ്‌സ് ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോബിൻ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version