കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് അസാധാരണ സാഹചര്യത്തിൽ യുവാവിന്റെ ജീവൻ കാത്തത്.ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തെ പരിക്കിനെത്തുടർന്ന് ശ്വാസനാളം രക്തം കട്ടപിടിച്ച് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായിരുന്നു. ശ്വാസം കിട്ടാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന മരണാസന്നമായ അവസ്ഥയിലേക്ക് ലിനീഷ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു.ആശുപത്രിയിലെത്തിക്കാൻ സമയം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ, ശസ്ത്രക്രിയ ഉപകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ തീരുമാനിച്ചു. നാട്ടുകാരും പോലീസും നൽകിയ റേസർ ബ്ലേഡും ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയും ഉപയോഗിച്ചായിരുന്നു ആ ജീവൻ രക്ഷാ ശസ്ത്രക്രിയ. സാധാരണ എമർജൻസി റൂമുകളിൽ നടത്തുന്ന ‘സർജിക്കൽ ക്രിക്കോതൈറോട്ടോമി’ എന്ന ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശ്വാസനാളം തുറന്നു നൽകി.സമയോചിതമായ ഇടപെടലിലൂടെ ശ്വാസം വീണ്ടെടുത്ത ലിനീഷിനെ ഉടൻ തന്നെ വൈറ്റില വെൽ കെയർ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ ഈ സാഹസികവും മാതൃകാപരവുമായ ഇടപെടലിനെ അഭിനന്ദിക്കുകയാണ് നാട്.
