മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ കസ്റ്റഡിയില്‍. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെ താമരശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരുടെ പക്കല്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതില്‍ പണം വന്നതായി കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു കേസില്‍ പൊലീസുകാരുടെ പങ്ക് വെളിവായത്. അന്നുമുതല്‍ ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം പൊലീസ് തന്നെ ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകള്‍ നിലയിലാണ് ഇവർ ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലായത്. ഒളിവില്‍ കഴിയാനായി പുതിയ സ്ഥലം തേടിപ്പോകുന്നതിനിടെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുുക്കുകയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് പൊലീസുകാരനും സ്ഥാപനത്തിലെ മാനേജറും കാഷ്യറുമായ ബിന്ദുവും തമ്മില്‍ പരിചയപ്പെട്ടത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനക്ക് പോയപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്ബർ വാങ്ങി ബന്ധം തുടരുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസില്‍ എത്തിയിരുന്നു.