Thursday, January 15News That Matters

കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരില്‍ അച്ചടക്ക നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ഇരുവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാർശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.

മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടില്‍ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തത്. നേരത്തെ, വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നല്‍കിയിരുന്നത്. വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്നതാണ് ഡി.ജി.പിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

കെ. ഗോപാലകൃഷ്ണൻറെ നടപടികള്‍ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ഡി.ജി.പിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് കൈമാറിയ നടപടിയിലാണ് കമീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നല്‍കും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകള്‍ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാല്‍ ഫൊറൻസിക് പരിശോധനയില്‍ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എന്‍. പ്രശാന്തിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് ശിപാർശ ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളാണ് എൻ. പ്രശാന്ത് ഐ.എ.എസ് ഉന്നയിച്ചത്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഫേസ്ബുക് കുറിപ്പില്‍ ആരോപിച്ചിരുന്നു. സെക്രട്ടറിയേറ്റ്‌ ഇടനാഴിയില്‍ വെറുതേ നടന്നാല്‍ അതേക്കുറിച്ച്‌ കേള്‍ക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പില്‍ പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version