Thursday, September 18News That Matters

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഇങ്ങനൊരു നിര്‍ദേശം വന്നത്. എനിക്ക് ആലോചിച്ച് തീരുമാനിക്കണമെന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷമായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി, അതിനുശേഷമുള്ള എന്റെ അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ജനസമൂഹത്തിന് തുടര്‍ന്നും സേവനം ചെയ്യാന്‍ വേണ്ടി ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നി. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ട്. ബിജെപിയുടെ കൂടെ നില്‍ക്കുന്നുവെന്നത് തന്നെ വലിയ സന്ദേശമാണ്,’ ശ്രീലേഖ പറഞ്ഞു.

ശ്രീലേഖ ഐപിഎസ് ധീരവനിതയാണെന്ന് കെ സുരേന്ദ്രനും കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പല വിപ്ലവ മാറ്റങ്ങളും കൊണ്ടുവന്നയാളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവരുടെ അനുഭവ സമ്പത്തും, അവരുണ്ടാക്കിയ മാറ്റങ്ങളും ബിജെപിക്കും പ്രവര്‍ത്തകര്‍ക്കും മുതല്‍ക്കൂട്ടാകുമെന്നും അത് നാടിനും അതിനുള്ള പ്രയോജനമുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി അത്യുജ്ജല വിജയം കൈവരിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പത്ത് വര്‍ഷം രാജ്യത്തുണ്ടാക്കിയ അത്ഭുതപരമായ പുരോഗതിയില്‍ അവര്‍ക്ക് വലിയ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ അവര്‍ തീരുമാനിച്ചത്’; സുരേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷവും വലതുപക്ഷവും ബിജെപിയെ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് ഒരു തൊട്ടുകൂടായ്മ പാര്‍ട്ടിയായി നിലനിര്‍ത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. തങ്ങള്‍ ആ മതില്‍ക്കെട്ടുകള്‍ പൊളിച്ചെന്നും ഇതൊരു തൊട്ടുകൂടായ്മ പാര്‍ട്ടിയല്ല, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കൂടെ നിര്‍ത്താന്‍ സാധിക്കുന്ന പാര്‍ട്ടിയാണെന്ന വിശ്വാസം ജനങ്ങളില്‍ സംജാതമായിരിക്കുന്നു. പ്രമുഖരായ പല വ്യക്തികളും ബിജെപിയില്‍ ചേരുന്നു. കേരളവും ബിജെപിക്ക് ബാലികേറാമലയല്ല. 2026ല്‍ തന്നെ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അക്ഷീണമായ പരിശ്രമത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ ജയിക്കുമ്പോള്‍ പൂരം കലക്കിയാണ് ജയിച്ചതെന്ന് പറഞ്ഞ് നിങ്ങള്‍ ആശ്വാസം കൊള്ളുക. ഞങ്ങള്‍ കേരളത്തില്‍ അടിവെച്ച് മുന്നോട്ട് പോകും. ഞങ്ങള്‍ നല്ല നല്ല വ്യക്തികളെ തിരഞ്ഞുപിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ്’; കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version