
തിരുവനന്തപുരം: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനപ്രതിനിധി വിദ്യാഭ്യാസ മന്ത്രി പദവിയില്‍ വരണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൃത്യമായ നിലപാടാണ് മണ്ണാർക്കാട് എം.എല്‍.എ അഡ്വ. എൻ. ഷംസുദ്ദീന് മന്ത്രിസഭയിലേക്ക് വഴിതുറന്നതെന്ന് സൂചന. നിയമസഭയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിൽ മികവ് തെളിയിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്‌കാരം നേടിയിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി കഴിഞ്ഞ 15 വർഷമായി മണ്ണാർക്കാട് മണ്ഡലത്തെ നയിക്കുന്ന ഷംസുദ്ദീൻ, തന്റെ നാലാം ജയത്തിലാണ് ഇപ്പോൾ മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെടുന്നത്. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് തന്നെ ലഭിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്.മണ്ണാർക്കാട് മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം സ്വദേശിയായ ഷംസുദ്ദീനെ 2011ല്‍ യു.ഡി.എഫ് ആദ്യമായി മത്സരരംഗത്തിറക്കിയത്. അന്ന് നേടിയ വിജയത്തിന് ശേഷം പിന്നീട് ഇതുവരെ മണ്ണാർക്കാട്ടെ വോട്ടർമാർ അദ്ദേഹത്തെ കൈവിട്ടിട്ടില്ല. മലപ്പുറം പറവണ്ണയില്‍ എൻ. മുഹമ്മദ് കുട്ടിയുടെയും വി.വി. മറിയക്കുട്ടിയുടെയും മകനായി ജനിച്ച ഷംസുദ്ദീൻ പറവണ്ണ ഗവ. ഹൈസ്കൂള്‍, തിരൂർ തുഞ്ചൻ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, കോഴിക്കോട് ഗവ. ലാ കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി, നാലു തവണ കാലിക്കട്ട് സർവ്വകലാശാല യു.യു.സി, 1991ല്‍ സർവ്വകലാശാല സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങി ഒട്ടേറെ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുൻപ് മലപ്പുറം ജില്ല പഞ്ചായത്തംഗവുമായിരുന്നു. കെ.പി. റാഫിതയാണ് ഭാര്യ. മകള്‍: ഡോ. എൻ. ഷഹർസാദ്. മരുമകൻ: ഡോ. അഷറഫ് വാസില്‍. ആദം ഐബക് കൊച്ചുമകനാണ്.

