ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടർന്നതിൽ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ദില്ലിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലായിരുന്നു നേതാക്കൾക്ക് രാഹുലിന്റെ ‘ശകാരം’ ഏറ്റത്.നിലവിലെ മോശം അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കടുപ്പിച്ചു പറഞ്ഞു. തെരുവിലെ ശക്തിപ്രകടനം അവസാനിപ്പിക്കാതെ പ്രഖ്യാപനമുണ്ടാകില്ലെന്ന് ഖർഗെയും വ്യക്തമാക്കി. ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ മൂന്ന് നേതാക്കളും ഒരേസ്വരത്തിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു.പ്രവർത്തകർ ആർക്കും വേണ്ടി തെരുവിൽ പ്രകടനങ്ങൾ നടത്തരുതെന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ നീക്കം ചെയ്യണമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന പ്രചാരണത്തിന് ഇത്തരം പ്രകടനങ്ങൾ വഴിമരുന്നിടും. വ്യക്തികളോടുള്ള ഇഷ്ടം മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. പാർട്ടിയാണ് വലുതെന്നും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന പ്രവർത്തനങ്ങൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും നേതാക്കൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
