കൊച്ചി: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാ കാരന്മാരിൽ ഒരാളാണ്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു. രഹനയാണ് ഭാര്യ.സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്. നിരവധി മിമിക്രി സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. പിന്നീട് കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി ചേർന്ന് നിരവധി മിമിക്രി ഷോകൾ ചെയ്തിരുന്നു. 1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.